കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞ് ലീഗ് അണികള്‍

മലപ്പുറം: ലോക്‌സഭ അംഗത്വം ഇട്ടെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സംസ്ഥാനത്ത് ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍ മനസ്സില്ലാ മനസ്സോടെ ഉള്‍ക്കൊണ്ടത്. ഭരണപക്ഷത്ത് നില്‍ക്കുമ്പോഴാണ് ഇതിന് മുമ്പുള്ള വലിയ തിരിച്ചടികളുണ്ടായിട്ടുള്ളത്. എന്നാലിക്കുറി പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള തിരിച്ചടി ഇരട്ടി പ്രഹരമാണ്.പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധമാണ് പ്രതിഫലിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന പ്രതീതിക്ക് കുഞ്ഞാലിക്കുട്ടിയുടെ രാജി ആക്കം കൂട്ടിയെന്നും പ്രവര്‍ത്തകര്‍ പറയുന്നു.മലപ്പുറത്ത് സീറ്റുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.എന്നാല്‍ യു.ഡി.എഫിന് അധികാരത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിയാതിരുന്നതോടെ അന്ന് അടക്കിപിടിച്ചിരുന്ന അതൃപ്തി ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹം യു.ഡി.എഫിന്റെ തോല്‍വിയില്‍ ഒരു ഘടകമായെന്നാണ് ഒരു വിഭാഗം അണികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെങ്കിലും 15 വര്‍ഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്.1,14,615 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമാദാനി മലപ്പുറത്ത് ജയിച്ചത്. 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ ലീഗിനുണ്ടായിരുന്നു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1,71,023 വോട്ടിന്റെ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചത് ബി.ജെ.പിക്കെതിരായി പാര്‍ട്ടിയും മുന്നണിയും നടത്തുന്ന പ്രചാരണങ്ങളെ ദുര്‍ബലപ്പെടുത്തി. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ നാവായി മാറുമെന്ന് പ്രഖ്യാപിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ലോക്‌സഭയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ സുപ്രധാന ബില്ലുകളിലടക്കം അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇതെല്ലാം വീണ്ടും ഉയര്‍ത്തിക്കാട്ടുകയാണ് പ്രവര്‍ത്തകര്‍.