സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് കാസർകോട് ജില്ലയിലെ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരുടെ ഡിപ്പാർട്ട്‌മെന്റ് സ്പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.

അപേക്ഷാഫോമും പ്രോസ്പക്റ്റസും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിലും കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലും ലഭിക്കും. സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർകോട് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24*10 സെ.മീ. വലിപ്പമുള്ള കവറും അപേക്ഷയോടൊപ്പം ഉണ്ടാവണം.