സെറ്റ് പരീക്ഷ: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി. ഏപ്രിൽ 25 വൈകിട്ട് 5 മണിവരെയാണ് സമയം നീട്ടിയിരിക്കുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ (2023 മാർച്ച് 17നും 2024 ഏപ്രിൽ 30നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോൾ ഹാജരാക്കണം.

അതേസമയം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യ വാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.