തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം. ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്‌നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്‌നിക്കൽ- ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇൻസർവീസ്, ഡെപ്യൂട്ടേഷൻ, ഓപ്പൺമാർക്കറ്റ് എന്നീ സ്ട്രീമുകളിൽ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 11.
അതേസമയം, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്/ക്ലർക്ക് കം കാഷ്യർ (കാറ്റഗറി നമ്പർ 20/2023) തസ്തികയിലേക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മാർച്ച് 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യോഗാർഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്റർവ്യൂ നടത്തുക.
ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും ഇന്റർവ്യൂ സമയം മാറ്റി നൽകില്ല. ഇന്റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. മാർച്ച് 21 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

