കൊവിഡ്-19 മാർഗനിർദേശം ലംഘിച്ച ബ്രസീൽ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരയ്‌ക്ക് പിഴ

ബ്രസീലിയ: കൊവിഡ്-19 മാർഗനിർദേശം ലംഘിച്ച ബ്രസീൽ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരയ്‌ക്ക് പിഴ.കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബൊൽസൊനാരയ്‌ക്ക് എതിരെ ആരോഗ്യവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർക്കാരിൻ്റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വീഴ്‌ച കണ്ടാൽ നടപടി സ്വികരിക്കുമെന്നും ഗവർണർ ഫ്ളാവിയോ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, രാജ്യത്തെ ഇടതുപക്ഷ നേതാവ് കൂടിയായ ഗവർണർ ഫ്ളാവിയോയും ബൊൽസൊനാരയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന ആരോപണവും ശക്തമായി. ഫ്ളാവിയോയെ സേച്ഛാധിപതിയെന്ന് ബൊൽസൊനാര വിശേഷിപ്പിച്ചതായും റിപ്പോർട്ടുണ്ട്. വലുതുപക്ഷ നേതാവായ ബൊൽസൊനാര കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്കെതിരെ പരസ്യം നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ നിർദേശങ്ങൾ അവഗണിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. മാറഞ്ഞോയിലെ ഗവർണർ ഫ്ളാവിയോ ഡിനോ പ്രിസിഡൻ്റിനെതിരെ കടുത്ത നടപടികൾക്ക് നിർദേശം നൽകിയത്.

കൊവിഡ് നിർദേശങ്ങളിൽ പ്രധാനമാണ് നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ പാടില്ല എന്നത്. മാസ്‌ക് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ എല്ലാവരും തുടരുകയും വേണമെന്നും ഗവർണർ വ്യക്തമാക്കി. നടപടിയിൽ ബൊൽസൊനാരയ്‌ക്ക് അപ്പീൽ നൽകാൻ 15 ദിവസത്തെ സമയമുണ്ട്. അതിന് ശേഷം മാത്രമേ പിഴയായി നൽകേണ്ട തുക എത്രയാണെന്ന് വ്യക്തമാകൂ.