വിഷം കഴിക്കില്ലെന്ന് മലയാളി തീരുമാനിച്ചാല്‍ പച്ചക്കറി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദ്

ആലപ്പുഴ: വിഷം ഭക്ഷിക്കാന്‍ മനസില്ലെന്ന് തീരുമാനിച്ചാല്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴ നഗരസഭയുടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പൊന്നോണ തോട്ടത്തിലെ പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തിന് ആവശ്യമായ പോഷക മൂല്യങ്ങള്‍ ലഭിക്കാത്തതും വിഷം കലര്‍ന്ന പച്ചക്കറി കഴിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും മറികടക്കുന്നതിനായി കിടപ്പുരോഗികള്‍ ഒഴികെ എല്ലാവരും ദിവസവും അര മണിക്കൂറെങ്കിലും കൃഷി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 99 ശതമാനം ആളുകള്‍ക്കും ഇതു സാധിക്കും. ചെറുപ്പക്കാരും സ്ത്രീകളും ഇതിനായി മുന്നിട്ട് ഇറങ്ങണമെന്നും കൃഷിവകുപ്പും സര്‍ക്കാരും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ ഓഫീസ് അങ്കണത്തിനു സമീപത്തെ ഒരേക്കര്‍ പുരയിടമാണ് കൃഷിക്കായി ഒരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നഗരസഭയുടെ നേതൃത്വത്തില്‍ മാതൃക തോട്ടം. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉത്പ്പാദന മേഖലയിലെ പ്രധാന ഇനമാണ് കരകൃഷി. 52 വാര്‍ഡുകളിലും തോട്ടങ്ങളാരംഭിക്കുകയാണ് ലക്ഷ്യം.എച്ച് സലാം എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ പരിധിയിലെ മികച്ച കര്‍ഷകരെ എ എം ആരിഫ് എം പി ആദരിച്ചു.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേശ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ വിനീത, യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നഗരസഭ സെക്രട്ടറി ബി നീതുലാല്‍, എ എഫ് ഓ സീതാരാമന്‍, നഗരസഭ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.