ഇടുക്കി: ഇടുക്കി സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തില്‍ സിപിഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി ആര്‍ ശശി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്.വി ആര്‍ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിനുള്ള അനുമതിയില്ലാതെയാണ് മരങ്ങള്‍ വെട്ടിയത്. സംഭവം വിവാദമായതോടെ പ്രതികള്‍ക്കെതിരെ കേസെടുത്തു. കുമളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താന്‍ ഉപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.

