കോഴിക്കോട്: മില്‍മയുടെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചാണകം ബ്രാന്‍ഡ് ചെയ്ത് വീടുകളിലെത്തിക്കാനൊരുങ്ങുന്നു. ചാണകം പൊടിയായിട്ടാണ് ആദ്യഘട്ടത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. 1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വന്‍കിട കര്‍ഷകര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അതത് സ്ഥലങ്ങളിലും എത്തിച്ച് നല്കും.വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ പിണറായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനു വേണ്ടി വലിയ അളവില്‍ ചാണകം ഈ സര്‍ക്കാര്‍ സ്ഥാപനം നല്കുന്നുണ്ട്. നേരത്തെ, ഓര്‍മ്മ ശക്തിയും ഏകാഗ്രതയും, വര്‍ദ്ധിപ്പിക്കാനായി പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്പാദിപ്പിച്ച മരുന്നുകള്‍ പിണറായി സര്‍ക്കാര്‍ വിപണിയിലെത്തിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഔഷധി പുറത്തിറക്കിയ പഞ്ചഗവ്യഘൃതം എന്ന ഈ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണുള്‍പ്പെടുത്തിയിരിക്കുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍ പശുവിന്റെ ചാണകവും ഗോമൂത്രവും ഔഷധമാണെന്ന് തെളിഞ്ഞതോടെ സിപിഎം അനുഭാവികളും ചില സംഘടനകളും രംഗത്തെത്തി. ഇതേ തുടര്‍ന്ന് പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഇപ്പോള്‍ ഔഷധിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. കേരള സര്ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി.പിണറായി സര്‍ക്കാര്‍ ഉത്തരേന്ത്യയില്‍ ഗോക്കളെ ആരാധിക്കുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.

