അനധികൃതമരംമുറി : കണ്‍സര്‍വേറ്ററുടെ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോഴിക്കോട്: വയനാട്ടിലെ അനധികൃതമരംമുറിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കണ്‍സര്‍വേറ്ററുടെ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തിയതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല, കേസ് പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ സാജന്‍ ശ്രമിച്ചകാണ് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എംകെ സമീറും പരാതി നല്‍കി. രണ്ടരമാസം മുന്‍പാണ് കേസ് അട്ടിമറിക്കാന്‍ താന്‍ തയ്യാറാകാതിരുന്നപ്പോള്‍ മാനസികമായി സാജന്‍ പീഡിപ്പിച്ചുവെന്ന് കാട്ടി സമീര്‍ വനംവകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്.

സമീറിന്റെ ഡ്രൈവറായ ശ്രീകാന്തിനെ ഒരു സംഘം ഭീഷണിപ്പെടുത്തി മണിക്കുന്ന് മലമരംമുറി കേസില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ക്ക് ബന്ധമുണ്ടെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സമീറിന്റെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതിയില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഒരു മാധ്യമത്തിലൂടെ പരാതിയുടെ പകര്‍പ്പ് പുറത്ത് വന്നതോടെ വനമന്ത്രി എ കെ ശശീന്ദ്രന്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.അതേസമയം, ഈ കേസില്‍ ഉന്നത ഇടപെടലുകളുണ്ടെന്നാണ് ആക്ഷേപം. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല.

കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിന്‍ വനംമന്ത്രിയെ കാണാന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയതായി സൂചനയുണ്ട്.മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി ദിനത്തിലെ സംസ്ഥാന മരത്തൈ നടീല്‍ ചടങ്ങില്‍ മന്ത്രിക്കൊപ്പം സാജനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണത്തിന് മന്ത്രി തയ്യാറായിരുന്നില്ല. സാജനെ മാറ്റിനിര്‍ത്തി അന്വേഷണം തുടരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.