മരംമുറി വിവാദം : റവന്യൂ-വനം മന്ത്രിമാര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക്

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ ഉത്തരവിറക്കിയത് റവന്യൂ-വനം മന്ത്രിമാര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും പലതവണ യോഗം ചേര്‍ന്നശേഷമാണെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ഷകരുടെ ഭൂമിയില്‍ വളര്‍ന്നതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് നിരവധി തവണയാണ് കര്‍ഷക സംഘടനകളും എംഎല്‍എമാരും രാഷ്ട്രീയകക്ഷികളും ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു.

നിരവധി തവണ ഈ വിഷയം സബ്മിഷനായി സഭയിലെത്തിയതോടെയാണ് സവര്‍കക്ഷി യോഗം 2018 ല്‍ വിളിച്ചത്. ഈ യോഗത്തിലെ ആവശ്യപ്രകാരമാണ് ഉത്തരവിട്ടതെന്നായിരുന്നു നേരത്തെ മുന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞത്. പക്ഷെ, ഈ ഉത്തരവിന്റെ മറവില്‍ വന്‍ മരംകൊള്ള നടന്നുവെന്നാണ് ആരോപണം. പുറത്ത് വന്നിരിക്കുന്ന തെളിവുകളനുസരിച്ച് മരംമുറിയുമായി ബന്ധപ്പെട്ട ഓരോ നീക്കങ്ങളിലും മന്ത്രിമാര്‍ക്ക് വ്യക്തമായ പങ്കുണ്ട്.

പലതവണ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. 2019 ജൂലായ് 19, ഓഗസ്റ്റ് മൂന്ന്, ഡിസംബര്‍ അഞ്ച് എന്നീ തീയതികളില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതിനുശേഷം വനംവകുപ്പിന്റെ നിരവധി യോഗങ്ങള്‍ പിന്നീടും നടന്നിട്ടുണ്ട്. എല്ലാം കഴിഞ്ഞാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.മരംമുറിയില്‍ ബഹുമുഖ അന്വേഷണമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഫോറസ്റ്റിന്റെയും അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.