വിസ്മയ കേസ് : കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ സീല്‍ ചെയ്യുകയും ചെയ്തു. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിസ്മയയുടെ സുഹൃത്തുക്കളില്‍നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വിസ്മയയെ നേരത്തെയും കിരണ്‍ മര്‍ദിച്ചിരുന്നതായി ചില സുഹൃത്തുക്കള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നത്.
അതേസമയം, ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയ കിരണ്‍കുമാറിനെതിരേയുള്ള കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം വ്യാഴാഴ്ച രേഖാമൂലം പരാതി നല്‍കും.