മൂന്നാംതരംഗത്തിന് മുന്‍പ് പരമാവധി വാക്‌സിന്‍വിതരണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും , മൂന്നാം തരംഗത്തിന് മുന്‍പ് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും വീണാജോര്‍ജ്. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ ആവിഷ്‌ക്കരിച്ചു.സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍് സജ്ജമാക്കുന്നതാണ്. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്‌സിജന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുന്നത് മുന്നില്‍ കണ്ട് പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തും. കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്.

അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍ എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, അഡീഷണല്‍ ഡയറക്ടര്‍മാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.