മരംമുറി; കടത്തിയ മുഴുവൻ തടിയും കണ്ടെത്തി സർക്കാരിലേക്ക് മുതൽക്കൂട്ടാൻ തീരുമാനം

കോഴിക്കോട്: പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കുന്നതിനുളള സർക്കാർ ഉത്തരവ് മറയാക്കി മുറിച്ച് കടത്തിയ മുഴുവൻ തടിയും കണ്ടെത്തി സർക്കാരിലേക്ക് മുതൽക്കൂട്ടാൻ തീരുമാനം. വനംമന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിൽ ആരോപണ വിധേയരുള്ളത് അന്വേഷണത്തെ ദുർബലമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെയുള്ള ഇടക്കാല റിപ്പോട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മരംമുറിയിൽ നിലവിൽ നടക്കുന്ന ഉന്നതതല അന്വേഷണം എത്രയും വേഗം പൂർത്തിയാക്കും. ഇനിയൊരു ഉത്തരവിറങ്ങുമ്പോൾ സംരക്ഷിത മരങ്ങൾക്ക് (രാജകീയ മരങ്ങൾ) പൂർണമായും സംരക്ഷണം ഉറപ്പാക്കിയാകും ഉത്തരവിറക്കുക. റവന്യൂ മന്ത്രിയുമായി ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യും.

കർഷകരെ സംരക്ഷിക്കണം, തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കണം തുടങ്ങി മൂന്ന് കാര്യങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിനെ വച്ച് തീരുമാനമെടുക്കാനാകില്ലെന്നും അതുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീണ്ടും അന്വേഷണം നടത്തുന്നതെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.