നാല്‍പ്പത് മുതല്‍ നാല്‍പ്പത്തിനാല് വയസുവരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമമില്ലാതെ വാക്‌സിന്‍ നല്‍കും

തിരുവനന്തപുരം: നാല്‍പ്പത് മുതല്‍ നാല്‍പ്പത്തിനാല് വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാക്രമമില്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്. ഇതിനായുള്ള സര്‍ക്കുലര്‍ ദേശീയ ആരോഗ്യ ദൗത്യം പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുമെന്നും 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 40 മുതല്‍ 44 വയസ് വരെയുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല.വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.