ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിയിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്താൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും നടത്തും. വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് വിഷയത്തിൽ തീരുമാനത്തിലെത്താനാണ് സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

വിഷയം ഇനിയും ചർച്ച ചെയ്യുമെന്ന് സർവ്വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. സമൂഹം ആർജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ യോഗത്തിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ നിയമപരമായ പരിശോധന നടത്തി സർക്കാർ ഒരു പദ്ധതി തയാറാക്കണം. പദ്ധതി നിർദേശം സമുദായ നേതാക്കളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി സമന്വയത്തിൽ എത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള കോൺഗ്രസ് എം, പി ജെ ജോസഫ് വിഭാഗം, ബിജെപി തുടങ്ങിയവർ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് സർവ്വകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും എന്നാൽ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു മുസ്ലീം ലീഗിന്റെ അഭിപ്രായം.