ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ് : ബഹുജന്‍ സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി നേതാവ് മായാവതി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അസദുദ്ദിന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മുമായി മായാവതി സഖ്യമുണ്ടാക്കുന്നുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായുള്ള സഖ്യം മാത്രമാണ് തന്റെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും മായാവതി വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സീറ്റു വിഭജനവുമായി ബന്ധപ്പെട്ടും ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു. 117 സീറ്റുകളിലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശിരോമണി അകാലിദള്‍ 97 സീറ്റുകളിലും ബഹുജന്‍ സമാജ് പാര്‍ട്ടി 20 സീറ്റുകളിലുമാണ് മത്സരിക്കുക.