ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് താമസം മാറുന്നു

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്ന് വീണ്ടും പുതുപ്പള്ളിയിലേക്ക് താമസം മാറുന്നു. പുതുപ്പള്ളിയില്‍ ഉടന്‍ വീട് നിര്‍മ്മാണം തുടങ്ങുമെന്നും മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കുമെന്നും ഉമ്മന്‍ചാണ്ടി ആലോചിക്കുന്നുണ്ട്. അന്‍പത് വര്‍ഷമായി പുതുപ്പള്ളിയിലെ എം.എല്‍.എയാണെങ്കിലും മണ്ഡലത്തില്‍ സ്വന്തമായി വീടോ ഓഫീസോ ഇല്ല. എം.എല്‍.എമാര്‍്ക്കുള്ള ഭവനവായ്പ എടുത്താണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നത്.

ഞായറാഴ്ചകളില്‍ മണ്ഡലത്തിലെത്തുന്ന ഉമ്മന്‍ചാണ്ടി തറവാടായ കരോട്ട് വള്ളക്കാലിലായിരുന്നു താമസം. ഹെക്കമാന്‍ഡിന്റെ വെട്ടിനിരത്തല്‍ വന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തഴയപ്പെട്ടതും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഉമ്മന്‍ചാണ്ടി പൂര്‍ണ്ണസമയം പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടിക്കൊപ്പം മകന്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്.