ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജകത്ത് : ഗണേഷ്‌കുമാര്‍ എംഎല്‍എയക്കും സരിതയ്ക്കുമെതിരെ കേസെടുത്തു

കൊല്ലം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജകത്ത് ഉണ്ടാക്കിയെന്ന ഹര്‍ജിയില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയക്കും സരിത നായര്‍്കകുമെതിരെ കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ഗണേഷ് കുമാറിന്റെ അറിവോടെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സരിതയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷന്‍ മുന്നില്‍ കത്ത് ഹാജരാക്കിയതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വക്കേറ്റ് സുധീര്‍ ജേക്കബ് അഡ്വ. ജോളി അലക്‌സ് എന്നിവര്‍ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജയിലില്‍ കഴിയുമ്പോഴാണ് 21 പേജുള്ള കത്ത് സരിത എഴുതിയത്. കത്ത് ജുഡീഷ്യല്‍ കമ്മീഷന് കൈമാറുമ്പോള്‍ 25 പേജുകള്‍ ഉണ്ടായിരുന്നു. നാലു പേജ് വ്യാജമായി സൃഷ്ടിച്ചു കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.കൊട്ടാരക്കര കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയില്‍ കെ ബി ഗണേഷ് കുമാറിന്റെ പി എ പ്രദീപ് കുമാര്‍, ഉറ്റ ബന്ധു ശരണ്യ മനോജ് തുടങ്ങിയവര്‍ പങ്കാളികളായിരുന്നുവെന്നും ആരോപണമുണ്ട്.