യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തും നേതൃമാറ്റത്തിന് ചുക്കാന്‍ പിടിച്ച ഹൈക്കമാന്‍ഡിന്റെ അടുത്തലക്ഷ്യം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമാണ്. ഈ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസര്‍വേയിലും മുരളീധരന് മികച്ച ജനപിന്തുണയാണുള്ളത്.

സുധാകരന് പിന്നാലെ മുരളീധരനെ തലപ്പത്ത് കൊണ്ടുവരുന്നത് അണികള്‍ക്കിടയില്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചാല്‍ മാത്രം മറ്റൊരാളെ പരിഗണിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അതേസമയം, കണ്‍വീനര്‍ പദവിയിലേക്കെത്താന്‍ മുരളിധരന്‍ താത്പര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നും നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നുമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

ഒരു മുന്നറിയിപ്പും നല്‍കാതെയാണ് നാല് മാസം മാത്രം വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച കെ.വി തോമസിനെ എ.ഐ.സി.സി മാറ്റിയത്. അതുകൊണ്ട് തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.വി തോമസ് പൊട്ടിത്തെറിച്ചേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയേണ്ട സമയത്ത് എല്ലാം പറയുമെന്നുമാണ് കെ.വി തോമസിന്റെ മറുപടി.