സാമ്പത്തികപ്രതിസന്ധി : പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനമാണ് ദേവസ്വം ബോര്‍ഡ് പെന്‍ഷനും ശമ്പളത്തിനുമായി ഉപയോഗിച്ചിരുന്നത്. കോവിഡ് നിയന്ത്രണത്തോടെ ഇത്തവണ ശബരിമലയില്‍ വരുമാനമില്ലാതായത് മൂലം ശമ്പളം നല്‍കുന്നതിന് ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ, എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. കൂടാതെ, ക്ഷേത്രങ്ങളില്‍ നിത്യോപയോഗത്തിന് വേണ്ടതല്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യുന്നതും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കയാണ്.അത്യവശ്യഘട്ടത്തില്‍ സ്വര്‍ണം റിസര്‍വ് ബാങ്കില്‍ പണയം വക്കുന്ന കാര്യവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.