അപകടാവസ്ഥയിലായ മരം വെട്ടാന്‍ ഭീകര കൂലി, വില്ലേജ് അധികൃതര്‍ക്ക് ആശ്വാസമായി മന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍

ഏറ്റുമാനൂര്‍: വില്ലേജ് അധികൃതര്‍ക്ക് ആശ്വാസമായി മന്ത്രി വി.എന്‍. വാസവന്റെ ഇടപെടല്‍. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി പറഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നു അറിയാതെ നിന്ന വില്ലേജ് അധികൃതര്‍ക്കാണ് ആശ്വാസമായി മന്ത്രി വി.എന്‍. വാസവന്‍ ഇടപെട്ടത്. ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസ് പരിസരത്തു നില്‍ക്കുന്ന കൂറ്റന്‍ വാക മരമാണു ദ്രവിച്ചു ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയില്‍ നിന്നത്. വന്യു അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ ഏറ്റുമാനൂര്‍ പ്രസ് ക്ലബ് സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി വി.എന്‍. വാസവന്‍ ജീവനക്കാരുടെ ആവശ്യം അറിയുകയും വില്ലേജ് ഓഫിസര്‍ ടി.വി. ജയകുമാറുമായി സംസാരിക്കുകയും ചെയ്തു. ഉടന്‍ ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയുമായി ഫോണില്‍ ബന്ധപ്പെട്ട് അഗ്‌നിരക്ഷാ സേനയയെ അറിയിച്ച് മരം വെട്ടിമാറ്റുന്നതിനു നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സമീപത്തെ ഗവ സ്‌കൂളിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മരം ഭീഷണിയാണ്.