തിരുപ്പതി ക്ഷേത്രത്തില്‍ ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്നു

തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തില്‍ ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കും. ഈ സാങ്കേതിക വിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ക്ഷേത്രമാണിത്. ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്‍.ഡി.ഒയുടെ ഒരു സംവിധാനത്തിന് 25 കോടി രൂപയാണ് വില. ഡി.ആര്‍.ഡി.ഒ അധികൃതര്‍ ഉടന്‍ ക്ഷേത്രം സന്ദര്‍ശിക്കും.

ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാല് കിലോമീറ്റര്‍ പരിധിയില്‍ വരെയുള്ള ഡ്രോണുകളെ ഈ സംവിധാനത്തിന് കണ്ടെത്താനും അതിന്റെ ലൊക്കേറ്റിങ് സിസ്റ്റത്തെ നിര്‍വീര്യമാക്കാനും സാധിക്കും.