ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കും

pinarayi

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം പുനഃക്രമീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ക്രിസ്ത്യന് 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് അനുപാതം. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.

കൂടാതെ, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരന്‍ സജിത്തിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന നിബന്ധന ഒഴിവാക്കും. 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.