ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്ര സർക്കാർ വിതരണം ചെയ്തു. 75,000 കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്. കേരളത്തിന് 4122 കോടി രൂപയാണ് ജി.എസ്.ടി കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നടപടി സംസ്ഥാന സർക്കാരുകൾക്ക് വലിയ ആശ്വാസമേകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കുടിശ്ശിക വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്. രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വർഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വർഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.
കേരളത്തിന് 4500 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 3765 കോടിയും മൂന്ന് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുന്നത്.

