കൊച്ചി: കിറ്റെക്സ് ഓഹരി വില കുതിച്ചുയര്‍ന്നു. കേരളത്തില്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന 3500 കോടി രൂപയുടെ വ്യവസായ പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തെലങ്കാനയിലേക്കു മാറ്റാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെയാണിത്. അതേസമയം, കേരളം നിക്ഷേപ സൗഹൃദമാണെന്ന വാദം വ്യവസായ വകുപ്പ് ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ അധികൃതര്‍ വിശദീകരിക്കുകയും ചെയ്തു.
ഒറ്റ ദിവസംകൊണ്ട് 19.72 ശതമാനത്തിന്റെ (23.15 രൂപ) വര്‍ദ്ധന. 117.4 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്സ് ഓഹരി വില 140.55 രൂപയിലേക്ക് ഉയര്‍ന്നു. ഒരുവേള മൂല്യം 140.85 രൂപവരെ ഉയര്‍ന്നിരുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നേരിട്ട പരിശോധനാ പീഡനം കഴിഞ്ഞമാസം കിറ്റെക്സിന്റെ ഓഹരി മൂല്യം ഇടിച്ചിരുന്നു. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ പദ്ധതികള്‍ തെലങ്കാനയില്‍ നടപ്പാക്കും.
ആദ്യഘട്ടമായി രണ്ടുവര്‍ഷം കൊണ്ട് 1000 കോടി രൂപ നിക്ഷേപിക്കുമെന്ന് സാബു എം. ജേക്കബ് അറിയിച്ചതായി കെ.ടി. രാമറാവു ട്വിറ്ററില്‍ വെളിപ്പെടുത്തി. വാറങ്കല്‍ ജില്ലയിലെ കക്കാതിയ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധാരണയിലെത്തി
യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി, വിവിധ സബ്സിഡികള്‍, നികുതിയിളവുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്തു.
അതേസമയം, സര്‍ക്കാര്‍ ചവിട്ടിപ്പുറത്താക്കിയതാണെന്നും കേരളം വിട്ട് സ്വയംപോകുന്നതല്ലെന്നും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പറഞ്ഞു.കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ ആട്ടിപ്പായിക്കുകയാണെന്നുമുള്ള കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണം നിര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

