വീണ്ടും സേതുരാമയ്യരെത്തുന്നു

ഏറെ ആരാധകരാണ് സേതുരാമയ്യര്‍ സിബിഐക്ക്. സിബിഐയോട് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുണ്ടായത് പോലും ഈ സിനിമകള്‍ പുറത്തിറങ്ങിയതിന് ശേഷമാണ്. ഇപ്പോഴിതാ നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സേതു രാമയ്യര്‍ വീണ്ടും വരികയാണ്. ഈ പ്രതികൂല സാഹചര്യത്തിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടി സിനിമകള്‍ ചിത്രീകരിക്കാവുന്ന അവസ്ഥ വന്നാല്‍, ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) സിബിഐ സിനിമകളുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എറണാകുളത്ത് വച്ചായിരിയ്ക്കും ചിത്രീകരണം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവര്‍ത്തകരെ കുറിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല.ബ്ലാക്ക് ഇന്‍വസ്റ്റിഗേറ്റേഴ്സ് എന്നാണ് അഞ്ചാം ഭാഗത്തിന് നല്‍കിയിരിയ്ക്കുന്ന പേര് എന്നാണ് വിവരം.മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ പുതിയ സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷഹീര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തും.എന്നാല്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന സേതു രാമയ്യര്‍ എന്ന കഥാപാത്രത്തിന് കാലത്തിന്റേതായതോ അല്ലാത്തതോ ആയ യാതൊരു മാറ്റങ്ങളും ഉണ്ടാവില്ല എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 1988 ല്‍ ആണ് ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. തൊട്ടുപിന്നാലെ 1989 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ജാഗ്രത എന്ന പേരില്‍ പുറത്തിറങ്ങി. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതു രാമയ്യര്‍ സിബിഐ എന്ന ചിത്രം 2004 ല്‍ ആണ് പുറത്തിറങ്ങിയത്. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായ നേരറിയാന്‍ സിബിഐ റിലീസ് ചെയ്തത് 2005 ല്‍ ആണ്. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിയ്ക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ജഗതി ഉണ്ടായിരിയ്ക്കില്ല.