ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം : വിഡി സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. തനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ലക്ഷദ്വീപെന്നും പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണെന്നും സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നൂറു ശതമാനം മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരുള്ള ദ്വീപ് സമൂഹത്തില്‍ ബീഫ് നിരോധനം ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസം ഈ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത നടപടികളെല്ലാം അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതെയാക്കുന്നതാണ്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എം.പി.യുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുപോലെ പ്രതികരിക്കുകയാണ്. ലക്ഷദ്വീപില്‍ നിന്ന് വരുന്നത് ഗൗരവകരമായ വാര്‍ത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ പറഞ്ഞു.