സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: സേവ് കുട്ടനാടിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ താത്പര്യവും മാത്രമാണെന്ന് മന്ത്രി സജി ചെറിയാന്‍. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം. ഇതിനോടകം 1500 കുടുംബങ്ങള്‍ കുട്ടനാട് ഉപേക്ഷിച്ചു. സേവ് കുട്ടനാട് എന്ന സംഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കുട്ടനാട് വെള്ളം കയറി നശിക്കാന്‍ പോകുന്നു. എല്ലാവരും ഇപ്പോള്‍ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കണമെന്ന് സേവ് കുട്ടനാട് ഫോറത്തിന്റെ അംഗം ബെന്നറ്റ് പറഞ്ഞു. ഞങ്ങള്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുകയാണ്. കുട്ടനാടിന് വേണ്ടി വിവിധ പാക്കേജുകളും പദ്ധതികളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. അതെല്ലാം പേപ്പറില്‍ മാത്രം ഒതുങ്ങി പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം- ബെന്നറ്റ് പറഞ്ഞു.