തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നതായുള്ള പരാതി വ്യാപകമായതോടെ കോവിഡ് മരണം നിര്‍ണയിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ ഡിഎംഒയ്ക്കു റിപ്പോര്‍ട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യണം.
സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാന്‍ സാധിക്കും.14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

