വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു : നടപടി കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്

തിരുവനന്തപുരം: വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിപ്പ് ട്രാഫിക് പൊലീസ്. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇനി ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ. തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്.

നേരത്തേ, വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.