തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഭീഷണിക്കത്ത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കില്‍ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിലെ ഭീഷണി. സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. തിരുവഞ്ചൂര്‍ അഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശിക്ഷിക്കപ്പെട്ട ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു.
ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും തിരുവഞ്ചൂരിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും വിഡി സശീതന്‍ പറഞ്ഞു.കത്തിലുള്ളത് വടക്കന്‍ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തില്‍ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഭാഷയും ശൈലിയും വരികള്‍ക്കിടയിലെ അര്‍ത്ഥവും നോക്കിയാല്‍ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കാര്യങ്ങള്‍ മുഖ്യമന്ത്രി ധരിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

