ന്യൂഡല്‍ഹി : ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു കൂടിക്കാഴ്ച. കായിക താരങ്ങളായ സാനിയ മിര്‍സ, മണിക ബത്ര, ദ്യുതീ ചന്ദ്, ദീപികാ കുമാരി, മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് എന്നിവര്‍ക്കൊപ്പം കേന്ദ്ര സഹ മന്ത്രി നിതീഷ് പ്രമാണിക്, മുന്‍ കായിക മന്ത്രിയും ഇപ്പോഴത്തെ നിയമമന്ത്രിയുമായ കിരണ്‍ റിജിജു, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ടോക്കിയോ ഒളിംപിക്‌സിനുശേഷം തിരിച്ചെത്തിയാലുടന്‍ ഒപ്പമിരുന്ന് ഐസ്‌ക്രീം കഴിക്കാമെന്ന് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് നല്‍കി. 2016ലെ റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ കോച്ച് പി ഗോപീചന്ദ് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോകുകയും ഐസ്‌ക്രീം കഴിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത കാര്യം സിന്ധു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയത്. മേരി കോമില്‍ നിന്ന് രാജ്യത്തെ മുഴുവന്‍ കായികതാരങ്ങളും പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

