കോവിഡ് രണ്ടാം തരംഗം : മിഠായിത്തെരുവിന് മാത്രം നഷ്ടം 2500 കോടിയിലധികം രൂപ

കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തില്‍ മിഠായിത്തെരുവിന് മാത്രം നഷ്ടം 2500 കോടിയിലധികം രൂപ. നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജൂണില്‍ ആകെ ലഭിച്ചത് 13 പ്രവൃത്തി ദിനങ്ങളാണ്. ജൂലൈയില്‍ ഇതുവരെ നാലുദിനവും ലഭിച്ചു. വന്‍ സാമ്പത്തിക അടിത്തറയുള്ള കച്ചവടക്കാരല്ല ഇവരൊന്നും. ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്. കട അടച്ചിടല്‍ തുടര്‍ന്നാല്‍ ഈ നഷ്ടത്തിന്റെ കണക്ക് കൂടുകയല്ലാതെ മറ്റ് കാര്യമായ ഗുണങ്ങളില്ലെന്നാണ് വ്യാപാരികളുടെ വാദം.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടകള്‍ അടച്ചിടുന്നതിനെതിരെ ഇടതു അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ ഉള്ള നിയന്ത്രണം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എ.എം. ആരിഫ് എംപി രംഗത്തെത്തി. കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ്, ഇടത് എംപിയുടെ ആവശ്യവുമായി രംഗത്തെത്തിയത്.