പ്ലാച്ചിമട പ്ലാന്റ് കോവിഡ് ചികിത്സാകേന്ദ്രമാക്കിയ കമ്പനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ പ്ലാന്റ് കോവിഡ് ചികിത്സാകേന്ദ്രമാക്കിയ കൊക്കൊകോള കമ്പനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം.കമ്പനിയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്നും 20 വര്‍ഷമായി അടച്ചിട്ടിരുന്ന പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാന്‍ കൊക്കൊകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നല്‍കി.

മാതൃകാപരമായ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത കമ്പനിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 550 കിടക്കകള്‍, ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 100 കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്കകള്‍, 50 ഐ.സി.യു കിടക്കകള്‍, എയര്‍ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊറോണ, ഒ പി, ഫാര്‍മസി എന്നിവയും തയ്യാറായിക്കഴിഞ്ഞു. 1.10 കോടി രൂപ ചിലവിട്ട് നാലാഴ്ച കൊണ്ടാണ് ഇത് നിര്‍മിച്ചത്.

ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 80 ലക്ഷം രൂപ ഇതിലേയ്ക്ക് നല്‍കി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, കൊക്കൊകോള പ്ലാന്റ് കൊറോണ ചികിത്സാ കേന്ദ്രമാക്കിയത് കമ്പനിയെ തിരിച്ചു കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് പ്ലാച്ചിമട സമര സമിതി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. 2000 ല്‍ പ്ലാന്റ് ആരംഭിച്ചതോടെ സമീപമുള്ള ജല ശ്രോതസ്സുകള്‍ വറ്റിവരളുകയും മലിനപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികള്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. പ്രദേശവാസിയായ മയിലമ്മയുടെ നേതൃത്വത്തിലായിരുന്നു സമരം.