ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം ഉയരുന്നുവെന്ന് മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഇത്തരത്തിലൂള്ള നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പരസ്പര സഹകരണത്തിലൂന്നിയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോകുന്നതെന്നും വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ദ്വീപ് നിവാസികളുമായി ദൃഢബന്ധം നമുക്കുണ്ടെന്നും അത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നതെന്നും സങ്കുചിത താത്പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകള്‍ എടുക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.