ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഞെട്ടിപ്പിക്കുന്നതാണെണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.

കെ സുധാകരന്റെ വാക്കുകള്‍ – സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുന്‍ തലവന്മാരുടെയും നാല്പത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഇസ്രയേലി സോഫ്റ്റ്വെയര്‍ പെഗസിസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സില്‍ ഒരു മറുപടി പോലും പറയാന്‍ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം ബന്ധപ്പെടാവുന്ന ‘പെഗസ്സസ്’ എന്ന ചാര സോഫ്റ്റ്വെയര്‍ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ്.ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ് കനത്ത പ്രഹരമാണ്. അധികാരം പിടിച്ചെടുക്കാനും അതു നിലനിര്‍ത്താനും മോദി ഏതറ്റം വരെയും പോകുമെന്നു വ്യക്തം. ഫലസ്തീന്‍ വിരുദ്ധത മുഖമുദ്രയാക്കിയ സയണിസത്തിന്റ സഹായത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നത് അതീവ ഗുരുതരമായ കണ്ടെത്തലാണ്.ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുവതയും കൈകോര്‍ക്കുകയാണു ചെയ്തത്. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തുടര്‍ന്ന് 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ അതീവ ഗുരുതരമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാണുന്നത്. ഇതിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും അതിശക്തമായ പോരാട്ടം ഉണ്ടാകും.