ന്യൂഡൽഹി: ഇന്ത്യയുടെ വികസന യാത്രയെ ആർക്കും ഗൂഢാലോചനയിലൂടെ തകർക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെഗാസസ് വിവാദത്തിൽ പുറത്തുവന്ന റിപ്പോർട്ട് ഇന്ത്യയിൽ വികസനത്തിന് തടസം സൃഷ്ടിക്കുന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്തവരാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കാത്തവരാണ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നവരെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം പുറത്തുവിടലുകളുടെ കാലക്രമം മനസിലാക്കണം. ഈ കാലവും ബന്ധവും മനസ്സിലാക്കാൻ കഴിവുളളവരാണ് ഇന്ത്യൻ ജനത. ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണംകെടുത്തുക എന്നുളളതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിന്റെ ലക്ഷ്യമെന്നും ഇന്ത്യയുടെ വികസന യാത്രയെ തടസ്സപ്പെടുത്താനാണ് ചിലർ പദ്ധതിയിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പുതിയ മന്ത്രിസഭയെ പരിചയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുവദിക്കാതിരുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ പുരോഗതി ദഹിക്കാത്ത ചില ശക്തികൾ ഉണ്ടെന്നും ഇക്കൂട്ടർക്ക് ഇന്ത്യയുടെ വികസനയാത്രയെ തടസ്സപ്പെടുത്താൻ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദേശീയ പുരോഗതിയെ തടസ്സപ്പെടുത്താനാണ് ഇത്തരക്കാർ ആഗ്രഹിക്കുന്നത്. ആരുടെ താളത്തിനൊത്താണ് ഇവർ പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയെ മോശം പ്രതിച്ഛായയിൽ കാണാൻ ആഗ്രഹിക്കുന്നത് ആരാണെന്നും ഇന്ത്യയെ മോശമാക്കി കാണിക്കുന്നതിലൂടെ എന്ത് സന്തോഷമാണ് ഇവർക്ക് ലഭിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.

