പെട്രോള്‍ വില വര്‍ദ്ധിച്ചപ്പോള്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നതെന്ന് കെ സുധാകരന്‍ എം പി

തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനവ് ജീവിതപ്രശ്‌നമാണെന്ന് നിയുക്ത കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എം പി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ദ്ധിച്ചപ്പോള്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത്. ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചുളള യു ഡി എഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ സര്‍ക്കാരിന്റെ പരാജയത്തിന്റെ അടയാളമായി പെട്രോള്‍വില വര്‍ദ്ധനവിനെ ചൂണ്ടിക്കാട്ടി 2012 മേയ് 23ന് മോദി ട്വീറ്റ് ചെയ്തിരുന്നു.

പക്ഷെ, ഇപ്പോള്‍ രാജ്യത്തിന്റെ അവസ്ഥയെന്താണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് വില വര്‍ദ്ധനയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമര്‍ത്തി ഫാസിസ്റ്റ് സര്‍ക്കാര്‍ ആകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പെട്രോള്‍ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. എം പിമാരായ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.