വ്യവസായ മേഖലയിലെ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍

p rajeev

തിരുവനന്തപുരം: വ്യവസായ മേഖലയിലെ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ന്യൂവാന്‍സ് മേധാവി ഡോ. കെ സി സണ്ണിയാണ് സമിതി അധ്യക്ഷന്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തിയ കൂടിക്കാഴ്ചയിലാണ് കാലഹരണപ്പെട്ട നിയമങ്ങള്‍ പുതുക്കേണ്ട ആവശ്യമുയര്‍ന്നത്. ചില നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് കൊണ്ട് നിക്ഷേപകര്‍ തന്നെ പിന്‍വാങ്ങുന്ന സാഹചര്യം ഉണ്ടാകുന്നു. നിയമം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വൈകിയാല്‍ അച്ചടക്ക നടപടി എടുക്കാനുള്ള വകുപ്പ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.സംരംഭകരുടെ പരാതി കേള്‍ക്കാന്‍ പുതിയ സംവിധാനത്തിനും തുടക്കമിടുകയാണ്. ജില്ലകള്‍തോറും വ്യവസായികളുമായി മന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ തദ്ദേശസ്ഥാപനങ്ങളെ കുറിച്ചാണ് ഏറെ പരാതി ഉയര്‍ന്നത്. പഞ്ചായത്തുകള്‍ അനാവശ്യമായി അനുമതികള്‍ വൈകിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പ്രത്യേക യോഗം ചേരും. അതേ സമയം, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ വന്‍കിട നിക്ഷേപ പദ്ധതികള്‍ കേരളത്തിലേക്ക് വരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിക്ക് മികച്ച പ്രതികരണം ആണ് ഉണ്ടാകുന്നത്.