പിണറായിക്ക് പിന്നില്‍ നാലംഗസംഘം : ആരോപണവുമായി പി.സി ജോര്‍ജ്

കോട്ടയം: പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍ ഉള്‍പ്പെടെ നാലംഗ സംഘം ആണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. പിണറായി പറയേണ്ട കാര്യങ്ങള്‍ എല്ലാം ഇവരാണ് തീരുമാനിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ഈ സംഘത്തില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ എഴുതി തയ്യാറാക്കിയത് പത്രസമ്മേളനത്തില്‍ വായിച്ചതോട് കൂടി ഇക്കാര്യം വ്യക്തമായെന്നും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല പത്ര സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച രീതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എന്ന നേതാവിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. അധികകാലം മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ കഴിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് ഇനി പിണറായി നേരിടേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉണ്ടായത് പിണറായി വിജയന്റെ കഴിവു കൊണ്ട് അല്ലെന്നും പി സി ജോര്‍ജ് പറയുന്നു.കോവിഡ് എന്ന മഹാമാരി പിടിച്ചുനിര്‍ത്താന്‍ ആയത് ഷൈലജ ടീച്ചറുടെ കഴിവു കൊണ്ടാണ്. അതെ ഷൈലജ ടീച്ചറെ മൂലയ്ക്ക് ഇരുത്തുകയാണ് പിണറായി വിജയന്‍ ചെയ്തത്.

കണ്ണൂര്‍ രാഷ്ട്രീയം കേരളത്തില്‍ ആകെ കൊണ്ടുവരാനാണ് പിണറായി വിജയന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് വന്നതാണ് പിണറായിക്ക് ഹാലിളകാന്‍ കാരണം എന്നും പി സി ജോര്‍ജ് ആരോപിച്ചു. പിണറായി കുഴിച്ച കുഴിയില്‍ പിണറായി തന്നെ വീണു എന്നാണ് ഇക്കാര്യത്തില്‍ പറയാന്‍ ഉള്ളത്.

ആരാധനാലയങ്ങള്‍ തുറക്കാത്തതിനു പിന്നില്‍ പിണറായിയുടെ നാസ്തിക അജണ്ടയാണ്.അധികാരം ഉപയോഗിച്ച് ശബരിമലയില്‍ റൗഡിസം കാണിക്കുകയായിരുന്നു പിണറായി ചെയ്തത്. ഈശ്വരവിശ്വാസികള്‍ സംഘടിച്ചു പ്രതിഷേധിക്കണം എന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.