എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: പീഡനപ്പരാതി ഒതുക്കാന്‍ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ഇതിനിടെ പ്രതിഷേധവുമായി ിയമസഭാ കോംപ്ലക്‌സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സഭയില്‍ മുഖ്യമന്ത്രി എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ മറുപടി നല്‍കി.എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പാര്‍ട്ടിക്കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല, എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുഖ്യമന്ത്രി ശശീന്ദ്രന്റെ രാജി എഴുതിവാങ്ങണമെന്നും പീഡന പരാതി ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് പറഞ്ഞു.