കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് തട്ടിപ്പ് : നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കെന്ന് സൂചന

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനകാലത്തും തട്ടിപ്പ് വ്യാപകമായി നടന്നിരുന്നു. നൂറ് കോടിയുടെ വെട്ടിപ്പ് പ്രത്യക്ഷാ നടന്നുവെന്നാണ് പരാതിയെങ്കിലും 300 കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം.ബാങ്കിന്റെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ പണം പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു.നിക്ഷേപകര്‍ ബഹളം തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ നിലവിലെ ഭരണസമിതി തയ്യാറായത്.

ഇരുപത് വര്‍ഷത്തോളമായി ബാങ്കില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് വെട്ടിപ്പ് സംബന്ധിച്ച് പാര്‍ട്ടി വേദികളില്‍ ആദ്യം പരാതി ഉന്നയിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിലും അദ്ദേഹം ക്രമക്കേട് ചൂണ്ടിക്കാട്ടി. നടപടി ഇല്ലാതെ വന്നതോടെ ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണ കമ്മിഷനെ വച്ചെങ്കിലും മറ്റ് നടപടികള്‍ ഉണ്ടായില്ല.

തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് വ്യക്തമായതോടെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഇരിങ്ങാലക്കുട പൊലീസ് ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ച്, മുന്‍ സെക്രട്ടറിയും മാനേജറും അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.മുന്‍ മാനേജര്‍ ബിജു, അക്കൗണ്ടന്റ് ജില്‍സ് എന്നിവര്‍ വഴി 52 കോടിയാണ് പലരുടെ പേരില്‍ വായ്പ നല്‍കിയത്. ഇരിങ്ങാലക്കുടയിലെ ഒരു പഞ്ചായത്തിലും സമീപ പ്രദേശത്തുമായി കരുവന്നൂര്‍ ബാങ്കിന് അഞ്ച് ശാഖകളാണ് ഉള്ളത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് വ്യക്തമാക്കി.