കോഴിക്കോട് ബൈപ്പാസ് നിര്‍മാണം : കരാര്‍ കമ്പനിക്ക് അന്ത്യശാസനം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

riyaz

കോഴിക്കോട്:ബൈപ്പാസ് നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശാസനം. ാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിപാതയായി വികസിപ്പിക്കുന്നതിന് 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ചിട്ടും പദ്ധതിയുടെ നിര്‍മ്മാണം ഇനിയും തുടങ്ങാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.കരാറുകാര്‍ക്ക് പല തവണ കത്ത് നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.

സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയില്‍ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 2020 ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയാണ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം നിര്‍മാണപ്രവൃത്തി നടന്നില്ല. കെ. എം. സി കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാര്‍.മഴക്കാലത്ത് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുന്നത് യാത്രക്കാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അവലോകന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.വി ശ്രേയാംസ് കുമാര്‍, എം. പി, എം. കെ രാഘവന്‍, എം.പി, എം.എല്‍.എമാരായ പി.ടി.എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍ ,മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, കരാര്‍ കമ്പനി പ്രതിനിധികള്‍ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.