ലക്‌നൗ: ഉത്തർപ്രദേശിൽ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി ബിജെപി. 75 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലും ബിജെപിയും സഖ്യ കക്ഷികളുമാണ് വിജയം നേടിയത്. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാരിനോടും ബിജെപിയോടും ജനങ്ങൾക്കുള്ള വിശ്വാസവും മതിപ്പുമാണ് ഈ വിജയത്തിലൂടെ അടിവരയിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി കൊണ്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൊണ്ടുമാണ് പാർട്ടിക്ക് ഇത്ര വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞൈടുപ്പിലും ബിജെപി ഇത്തരത്തിൽ വിജയം ആവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചു. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നൂറിലേറെ സീറ്റുകൾ നേടുമെന്നാണ് ജില്ലാ പഞ്ചായത്തിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

