തിരുവനന്തപുരം: അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.
എസ് എം എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ഒരു ജനിതക രോഗമാണ്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്തവണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണ് ഇത്. ഒറ്റത്തവണ ഞരമ്പില്‍ കുത്തിവെക്കുന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് നല്‍കിയാല്‍ പൂര്‍ണശമനം ഉണ്ടാകുമോ സാധാരണ ജീവിതം സാധ്യമാകുമോ എന്ന കാര്യം പൂര്‍ണമായും അറിയാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കിയിലെ എഫ്ഡിഎഅംഗീകരിച്ച ഏറ്റവും വിലയേറിയ മരുന്നുകളില്‍ ഒന്നാണിത്.

