കൊല്ലം: കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്നവരാണ് കുട്ടികള്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായി ജീവിതം നഷ്ടപ്പെടുത്തുകയാണ് ഇവരില്‍ പലരും. കുട്ടികളുടെ ജീവനെടുക്കുന്ന ആയുധമായി ഓണ്‍ലൈന്‍ ഗെയിമുകള്‍ മാറുമ്പോള്‍ ഒപ്പം നില്‍ക്കേണ്ടതുണ്ട് മാതാപിതാക്കളും അധ്യാപകരും.കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഒരു ഫോണിനപ്പുറം കൗണ്‍സലര്‍മാരും കുട്ടികള്‍ക്കായി സജീവമായി ഇടപെടുന്നവരുമുണ്ട്.
അപകടമാകുന്നത് എപ്പോള്‍?
ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാന്‍ തുടങ്ങുക.
കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.
ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോള്‍ ദേഷ്യം തോന്നുക.
മുന്‍പുണ്ടായിരുന്ന ഹോബികളില്‍ പോലും മനംമടുപ്പ്.
മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.
എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ഗെയിം തിരഞ്ഞെടുക്കുക
പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാര്‍ക്ക് ചാറ്റ് ചെയ്യാം. പലകോണുകളില്‍ നിന്നു ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഒരു പക്ഷേ ലൈംഗിക ചൂഷണക്കാരോ ഡേറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം.
തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കില്‍ കളിക്കാര്‍ക്കുള്ള ദൗത്യങ്ങളായി മറച്ചുവച്ചോ ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനുള്ള സമ്മര്‍ദം ഇത്തരം ഗെയിമുകളില്‍ വളരെ കൂടുതലാണ്
അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്ക്രീന്‍ വര്‍ക്കിനെയും പോലെയായതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പരിധി നിശ്ചയിക്കണം. ഏതൊക്കെ ആപ്ലിക്കേഷനുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുമെന്നും മുന്‍കൂട്ടി സെറ്റ് ചെയ്യാം.
സ്വഭാവവൈകല്യങ്ങളുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധനെയോ കൗണ്‍സലര്‍മാരെയോ കാണാന്‍ മടിക്കരുത്. കുട്ടികളെ അടിച്ചു നന്നാക്കാമെന്ന ചിന്ത വേണ്ട.
ചൈല്‍ഡ് ലൈന്‍ 1098
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് 04742791597
ചിരി ഹെല്പ് ലൈന്‍ നമ്പര്‍ 9497900200

