തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലപ്രഖ്യാപനത്തെ കുറിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മഹാമാരിക്കാലത്ത് പ്രതിസന്ധികള്‍ക്കിടെ നിന്ന് പഠിച്ച് വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കരുതെന്നും തമാശ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ട്രോളുകളെ കുറിച്ച് ദിയ എന്ന വിദ്യാര്‍ത്ഥി സമൂഹമാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു.
ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നുവെന്നായിരുന്നു ദിയയുടെ പരാതി. വിജയികളാണ് എല്ലാ കുട്ടികളും ഇത്തരം ആക്ഷേപങ്ങള്‍ കാരണം കൂട്ടുകാരേയോ അധ്യാപകരേയോ കാണാന്‍ കഴിയാത്ത തരത്തില്‍ നിരാശരാണെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
മന്ത്രിയുടെ കുറിപ്പ്
സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമര്‍ശനത്തിനെതിരേയുമുള്ള ജിഎച്ച്എസ്എസ് പെരുവള്ളൂരിലെ വിദ്യാര്‍ഥിനി ദിയയുടെ കുറിപ്പ് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. വൈറല്‍ ഫീവര്‍ മൂലം ചികിത്സയില്‍ ആയ ഞാന്‍ ആശുപത്രിയില്‍ നിന്ന് ദിയയെ ഇന്ന് വിളിച്ചു.
എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് തന്നെയാണ് ദിയ എന്നോട് പറഞ്ഞത്. ഈ മഹാമാരിക്കാലത്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയ തങ്ങളെ എന്തിനാണ് ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് എന്നാണ് ദിയ ചോദിക്കുന്നത്.
ദിയയെ പോലെ തന്നെ കേരളത്തിലെമ്പാടുമുള്ള എസ്എസ്എല്‍സി വിജയികളായ എല്ലാ കുട്ടികളും
ഇത്തരം ആക്ഷേപങ്ങള്‍ കാരണം വിഷമിക്കുന്നുണ്ട്. മഹാമാരി മൂലം സ്‌കൂളില്‍ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല സമൂഹത്തിനാകെയാണ്.
തമാശ നല്ലതാണ്. പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളര്‍ത്തുന്നതും ആകരുതെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ദിയയുടെ വാക്കുകള്‍ നമുക്ക് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാം. ദിയയുടേയും മറ്റു കുട്ടികളുടേയും അവരുടെ പ്രതിജ്ഞാബദ്ധരായ അധ്യാപകരുടേയും ഒപ്പം നില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് സ്‌നേഹത്തോടെ അപേക്ഷിക്കുന്നു.
ഇംഗ്ലീഷില്‍ ഉപരിപഠനമാണ് ദിയയുടെ ആഗ്രഹം. സിവില്‍ സര്‍വീസ് ലക്ഷ്യം വക്കണമെന്ന് ഞാനും നിര്‍ദേശിച്ചു.
ദിയമോള്‍ക്കും മറ്റെല്ലാ കൂട്ടുകാര്‍ക്കും ജീവിതത്തില്‍ എല്ലാ വിജയവും ആശംസിക്കുന്നു..

