ഫഹദ് ഫാസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീയേറ്റര്‍ റിലീസിന് പദ്ധതിയിട്ടിരുന്ന ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്തത്. ടേക്ക് ഓഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് മാലിക്.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

