സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കണം; ഗവർണർ

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച്ച രാവിലെ എട്ടുമണിക്ക് രാജ്ഭവനിൽ ആരംഭിച്ച ഉപവാസ സമരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ഗാന്ധിഭവനിൽ നാരങ്ങാ നീര് കുടിച്ചാണ് ഗവർണർ അവസാനിപ്പിച്ചത്. ഒന്നരമണിക്കൂറിലേറെ ന്രെ ഗാന്ധിഭവനിലും ഗവർണർ സത്യാഗ്രഹം തുടർന്നു. സ്ത്രീധനത്തിനെതിരെയുള്ള സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ അറിയിച്ചു. ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സത്യാഗ്രഹത്തിന്റെ കാര്യം മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കണമെന്ന് സർവകലാശാലാ ചാൻസലർമാരോട് ഗവർണർ ആവശ്യപ്പെട്ടു. സ്ത്രീധന വിവാഹങ്ങളിൽ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികൾ കാട്ടണം. വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മുൻപന്തിയിൽ നിൽക്കുന്ന കേരള സമൂഹത്തിന് വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരികമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. മൂല്യങ്ങളുടെ അധഃപതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നൽകുന്ന വേളയിൽ തന്നെ വിദ്യാർഥികളിൽ നിന്ന് തങ്ങൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്തയക്കുമെന്നും ഗവർണർ വിശദമാക്കി. വിദ്യകൊണ്ട് നേടേണ്ടത് വിദ്യാഭ്യാസമാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിവാഹ കമ്പോളത്തിൽ മൂല്യം ഉയർത്താനല്ല ഉപയോഗിക്കേണ്ടതെന്നും ഗവർണർ അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആ വിവാഹത്തിൽ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് ജനപ്രതിനിധികൾ പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നു കണ്ടാൽ അവർ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അത്തരം വിവാഹങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും വേണം. അതിനുള്ള ധൈര്യം ജനപ്രതിനിധികൾ കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെൺകുട്ടികൾ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാൻ പെൺകുട്ടികൾ തയാറാകണം. അമ്മമാർ മക്കളെ സ്ത്രീധനം വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കണം. സമൂഹത്തിൽ ബോധവത്കരണമുണ്ടാകണം. അതിനായി ജനങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.