മാലിക് സിനിമയ്‌ക്കെതിരെ ബീമാപ്പള്ളി നിവാസികളുടെ പ്രതിഷേധം

മാലിക് സിനിമയ്‌ക്കെതിരെ ബീമാപ്പള്ളി നിവാസികളുടെ പ്രതിഷേധം. സിനിമ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുകയാണെന്നും ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തില്‍ സിനിമ ചിത്രീകരിച്ചുവെന്നും കാട്ടി ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി. പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. സാങ്കല്‍പ്പിക ഇടങ്ങള്‍ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും കാര്യങ്ങള്‍ സിനിമയിലുടനീളമുണ്ട്. റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാന്‍ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ് മാലിക്തുടങ്ങുന്നത്.

ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേല്‍ പോലും തന്റെ കല്‍പ്പനയ്ക്ക് അധികാരമുള്ള വയോധികനായ മാലിക്. റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാന്‍ എത്തിച്ചേരുന്നത് മുതല്‍ ജീവിതാവസാനം വരെ സുലൈമാന്‍ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോണ്‍-ലീനിയര്‍ കഥപറയല്‍ ശൈലി അവലംബിച്ചിരിക്കുന്നു.’ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.